يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു.(30) അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും(31) നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരന്റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.)(32) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു.(33) അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം.(34) നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

Surah സൂരത്ത് ഫാതിഹാ Ayat 50 Tafsir


30) നബി(ﷺ)യുടെ പത്‌നിമാര്‍ 'സത്യവിശ്വാസികളുടെ മാതാക്കള്‍' എന്ന പ്രത്യേക പദവിയുള്ളവരാണെന്ന് ആറാം വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നബി(ﷺ)യുടെ കാലത്തും അവിടുത്തെ വിയോഗത്തിനുശേഷവും ഇസ്‌ലാമിക സമൂഹത്തില്‍ അവര്‍ക്ക് മഹത്തായ പല ദൗത്യങ്ങളും നിര്‍വ്വഹിക്കാനുണ്ടായിരുന്നു. അതിനാല്‍ നബി(ﷺ)യുടെ വിവാഹങ്ങള്‍ ലൈംഗികമായ പരിഗണനകളെക്കാളുപരി മഹത്തായ ഈ പദവിയോട് നീതിപുലര്‍ത്താനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വചനം അവതരിക്കുന്നതിന് മുമ്പ് വിവാഹമൂല്യം നല്‍കിക്കൊണ്ട് നബി(ﷺ) നടത്തിയ വിവാഹങ്ങള്‍ അല്ലാഹു അംഗീകരിക്കുകയും, ഇനി വിവാഹം കഴിക്കുകയാണെങ്കില്‍ അത് സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. 31) യുദ്ധത്തിൽ തടവിലാക്കപ്പെടുന്നവരെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുസ്‌ലിം ഭരണാധികാരികൾക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. അതിൽപെട്ട ഒരു വഴിയാണ് അവരെ അടിമകളാക്കുക എന്നത്. അല്ലാഹു അത് അനുവദിക്കുകയും, അടിമകളോട് ഏറ്റവും കാരുണ്യമുള്ള നിലപാടുകൾ ഉൾക്കൊള്ളുന്ന നിയമങ്ങൾ അനുശാസിക്കുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെ ഓരോരുത്തരും തോന്നിയതു പോലെ ഭോഗിക്കുകയും തോന്നിയതുപോലെ കൈമാറുകയും ചെയ്യുക എന്ന ഹീനമായ രീതിയാണ് അധിനിവേശ ശക്തികൾ തുടർന്നുപോരുന്നത്. എന്നാൽ അല്ലാഹു ഏറ്റവും പരിശുദ്ധമായ നിയമങ്ങൾ അടിമകളുടെ കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. അടിമസ്ത്രീയെ അവളുടെ യജമാനന് മാത്രം ഭാര്യയെപ്പോലെ സ്വീകരിക്കാം. എന്നാൽ ഭാര്യയുടേതിൽ വ്യത്യസ്‍തമായ ചില നിയമങ്ങൾ അടിമസ്ത്രീയുടെ കാര്യത്തിലുണ്ട്. യജമാനന് അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുകയും ആവാം. അവളോട് മാന്യമായ രൂപത്തിൽ വർത്തിക്കണം. യജമാനനിൽ നിന്ന് അവൾ ഗർഭിണിയായാൽ പിന്നീടൊരിക്കലും അവളെ മറ്റൊരാൾക്ക് വിൽക്കാൻ യജമാനന് പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ മാതാവായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുകയും ചെയ്യും. സർവോപരി അടിമമോചനം മഹത്തായ സൽകർമമാണെന്ന് അല്ലാഹു പഠിപ്പിക്കുകയും അതിന് ഉന്നതമായ പ്രതിഫലം വാഗ്‌ദാനം നൽകുകയും ചെയ്തിരിക്കുന്നു. 32) നബി(സ)യുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ നേരത്തെ തന്നെ ഇസ്‌ലാം മതം സ്വീകരിക്കുകയും, ദേശത്യാഗം ചെയ്ത് മദീനയില്‍ ചെല്ലുകയും ചെയ്തിരുന്നു. ചിലര്‍ മക്കാവിജയം വരെയും ശത്രുക്കളുടെ കൂടെ മക്കയില്‍ കഴിച്ചു കൂട്ടുകയാണ് ചെയ്തത്. മാതാവിന്റെയോ പിതാവിന്റെയോ ബന്ധത്തിലുള്ള സ്ത്രീകളില്‍ ആരെയെങ്കിലും നബി(ﷺ) വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഇസ്‌ലാമിനു വേണ്ടി ദേശത്യാഗം ചെയ്തവരെ മാത്രമേ ആകാവൂ എന്ന് അല്ലാഹു അനുശാസിക്കുന്നു. 33) ഒരു സ്ത്രീ നേരിട്ട് ഒരു പുരുഷനെ വരിക്കുന്ന രീതിയല്ല ഇസ്‌ലാമിലുള്ളത്. സ്ത്രീയുടെ അനുവാദത്തോടെ രക്ഷിതാവ് സാക്ഷികളുടെ മുമ്പാകെ അവളെ വരന് മഹ്‌റ് നിശ്ചയിച്ചുകൊണ്ട് വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതാണ് ഇസ്‌ലാമിക രീതി. എന്നാല്‍ നബി(ﷺ)ക്ക് അല്ലാഹു ഈ കാര്യത്തില്‍ ഇളവനുവദിച്ചുകൊടുത്തിരിക്കുന്നു. വിവാഹമൂല്യമൊന്നും വാങ്ങാതെ ഏതെങ്കിലുമൊരു സ്ത്രീ നബി(ﷺ)യോട് തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്ന പക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു അവിടുത്തേക്ക് അനുവാദം നല്‍കിയിരിക്കുന്നു. 34) സാധാരണ മുസ്‌ലിംകള്‍ക്കെല്ലാം ബാധകമായ ദാമ്പത്യനിയമങ്ങള്‍ അല്‍ബഖറഃ, നിസാഅ് തുടങ്ങിയ അദ്ധ്യായങ്ങളിലും പ്രബലമായ ഹദീസുകളിലും രേഖപ്പെട്ടു കിടക്കുന്നു.

സൂരത്ത് ഫാതിഹാ All Verses

Sign up for Newsletter

×

📱 Download Our Quran App

For a faster and smoother experience,
install our mobile app now.

Download Now